2020 സെപ്റ്റംബർ 20, ഞായറാഴ്‌ച

ടോട്ടനം ഹോട്സ്പിയർ 5-2ന് സതാപ്റ്റണിനെ തോൽപ്പിച്ചു


രണ്ടാം പകുതിയിൽ നിറഞ്ഞാടിയ സൺ ഹാരി കെയ്ൻ കൂട്ട്കെട്ടിന്റെ ബലത്തിൽ ടോട്ടനം ഹോട്സ്പിയർ സതാപ്റ്റണിനെ 5-2ന് തകർത്തു.
  സൺ നേടിയ നാലു ഗോളുകൾക്കും പന്തെത്തിച്ച കെയ്ൻ അഞ്ചാം ഗോൾ നേടി പട്ടിക പൂർത്തിയാക്കി. സതാപ്റ്റംണിനു വേണ്ടി ഡാനി ഇങ്സാണ് രണ്ട് ഗോളും നേടിയത്.

ആദ്യപകുതിയിൽ തീർത്തും നിറം മങ്ങിയ ടോട്ടനത്തിന് ഗോളിലേക്ക്   ഉന്നം വെയ്ക്കാൻ പോലും ശരിക്കും സാധിച്ചത് ഇഞ്ചുറിടൈമിലാണ്.       ഇഞ്ചുറി ടൈമിൽ ബോളിന്റെ ഗതി മനസ്സിലാക്കുന്നതിൽ സതാപ്റ്റൺ ഗോളിക്ക് സംഭവിച്ച പിഴവിൽ നിന്നാണ് സൺ സമനില ഗോൾ നേടുന്നത്. എന്നാൽ ആ ഗോളിൽ നിന്നുള്ള ഊർജം മൌറീഞ്ഞോയുടെ ടീം അവസാനം വരെ കാത്തു.  മൽസരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ കെയ്ൻ സതാപ്റ്റണിന്റെ വല ചലിപ്പിചെങ്കിലും റഫറി വാറിൻറെ സഹായത്തോടെ സൺ ഓഫ് സൈഡായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു. ഡാനി ഇങ്സിന്റെ ആദ്യഗോൾ കൈയ്യിൽ തട്ടി എന്ന് കണ്ടത്തിനാൽ  റഫറി അനുവദിച്ചിലെങ്കിലും 32 ആം മിനിറ്റിൽ കാലിലേക്ക് ഉയർന്ന് വന്ന പന്ത് ഡാനി ഇങ്സ് നിയന്ത്രിച്ച് വലയിലെത്തിച്ചത് മൽസരത്തിലെ മനോഹരമായ കാഴ്ചയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ അതെല്ലാം കെയ്ൻ സൺ കൂട്കെട്ട് നിഷ്പ്രഭമാക്കുകയായിരുന്നു.

ജോസേ മൌറീഞ്ഞോ ടീം 2015 ജനുവരിക്കു ശേഷം ഇതാദ്യമായാണ് 5 ഗോളുകൾ എതിരാളികളുടെ വലയിലാക്കുന്നത്.

90 മിനിറ്റിൽ ഹാൻഡ്ബോളിൽ നിന്ന് ലഭിച്ച പെനാൽറ്റി വലയിലെത്തിച്ചാണ് ഡാനി ഇങ്സ് സതാപ്റ്റണിന് ചെറിയ ഒരു ആശ്വാസം നൽകിയത്.

ഗാരത്ത് ബെയിലിന്റെ തിരിച്ചുവരവോടെ ടോട്ടനത്തിന്റെ വേഗത്തിന് കടിഞ്ഞാണിടാൻ എതിർടീമുകൾ വിയർക്കേണ്ടി വരുമെന്ന സൂചനയാണ് ഈ മൽസരം.

2020 സെപ്റ്റംബർ 2, ബുധനാഴ്‌ച

പ്രവാസം അവസാനിപ്പിച്ചവർക്ക് റേഷൻ ലഭിക്കാൻ

വിദേശവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയവർക്ക് റേഷൻ ലഭിക്കാൻ തങ്ങളുടെ ഫോണിലൂടെ തന്നെ അപേക്ഷ സമർപ്പിക്കാം.

 അതിനായി കേരളസിവിൽ സപ്ലൈസ് വെബ് സൈറ്റ് സന്ദർശിക്കുക, https://ecsc.civilsupplieskerala.gov.in/

അക്ഷയ, സിറ്റിസൺ എന്നിവയിൽ നിന്ന് സിറ്റിസൺ ക്ലിക്ക് ചെയ്യുന്പോൾ ലോഗിൻ വിവരങ്ങൾ ആവശ്യപ്പെടും. 


അതിന് താഴെ പുതിയ രജിസ്ട്രേഷനായി (Create an Account) ക്ലിക്ക് ചെയ്ത് റേഷൻകാർഡ്, ആധാർ വിവരങ്ങൾ  നൽകുക.  






ലോഗിൻ വിവരങ്ങൾ (ലോഗിൻ ഐഡി, പാസ് വേഡ്, പേര്, ഈമെയിൽ, മൊബൈൽ നന്പർ) നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കുക.  ലോഗിൻ ചെയ്തതിനു ശേഷം Eservices ടാബിൽ ക്ലിക്ക് ചെയ്യുക.

പ്രവാസി സ്റ്റാറ്റസ് മാറ്റുന്നതിനായി Services for families നു താഴെ  Change residence status ൽ ക്ലിക്ക് ചെയ്യുക. 


തിരുത്തൽ വരുത്തുന്നതിനായി Enter correction details ൽ അംഗത്തിൻ്റെ വിവരങ്ങൾ നൽകി അപേക്ഷ പ്രിൻറ് എടുക്കുക.

 സ്കാൻ ചെയ്ത ഒപ്പിട്ട അപേക്ഷ, വിസ റദ്ദാക്കിയ പേജ് എന്നിവ  അപ് ലോഡ് ചെയ്ത് അപേക്ഷസമർപ്പണം പൂർത്തീകരിക്കുക.



2011 ജൂൺ 8, ബുധനാഴ്‌ച

നനഞ്ഞിറങ്ങുന്ന ഓര്‍മ്മകള്‍

ആശാരിമൂലയില്‍ മഴക്കാരുകണ്ടാൽ   മഴ തിമിര്‍ത്തു പെയ്യുമെത്രേ.............  അമ്മയുടെ ഈ കാലാവസ്ഥ നിരീക്ഷണം  മനസിലെത്തിയപ്പോഴേക്കും മഴ ചാറി തുടങ്ങിയിരുന്നു.  ബസ്സിന്‍റെ ഫുട്ബോര്‍ഡില്‍ നിന്ന് മഴയുടെ ആവേശത്താല്‍ കലങ്ങി മറിഞ്ഞൊഴുകുന്ന പുഴ കടക്കവേ ആകാശത്തിന്‍റെ വടക്ക് കിഴക്ക് കോണില്‍ ഒരു മഴക്കോള് ഉരുണ്ട്  കൂടുന്നത് കാണാമായിരുന്നു. കൈ കൊണ്ട്  ചാറ്റല്‍ മഴയെ പ്രതിരോധിച്ച് പുഴയോരത്തെ റോഡിലൂടെ നടക്കുമ്പോള്‍ തലയില്‍ പാളത്തൊപ്പിയുമായി  ചവുരുട്ടി പുഴയിലൂടെ വഞ്ചി തുഴഞ്ഞ് പോകുന്നതും പിള്ളേര്‍ കുളിപ്പടവില്‍ നിന്ന് വെള്ളത്തിലേക്ക് ഊളിയിടുന്നതും കാണാം. 
മഴക്കാലം പലര്‍ക്കും വറുതിയുടെ കാലമാണെങ്കില്‍ ചവുരുട്ടിയ്ക്ക് സമൃദ്ധിയുടെ കാലമാണ്. വയറുനിറയെ കള്ള് കുടിക്കാം, ആസവമടിക്കാതെ ഫിറ്റാകാം.  മഴയ്ക്കൊപ്പം പുഴയിലേയ്ക്ക് ഒഴുകിയെത്തുന്ന മീനെല്ലാം ചവുരുട്ടിയുടെ കൂടയ്ക്കകത്തേക്ക് കേറും.  കേറിയില്ലേല്‍  കേറ്റാനുള്ള വിദ്യയും ചവുരൂന് അറിയാം. ഈ ചവുരുട്ടിയാരാ മോന്‍....... ഇങ്ങനെയാണ് ചവുരുട്ടിയുടെ അവകാശവാദങ്ങളെല്ലാം അവസാനിക്കുന്നത്.  വേറെ ആര്‍ക്കും ലഭിക്കാത്ത തനിക്ക് മാത്രം സിദ്ധിച്ച സൗഭാഗ്യങ്ങളെ കുറിച്ച് വാ തോരാതെ സംസാരിക്കാന്‍ ആള്‍ക്ക് യാതൊരു മടിയുമില്ല.  ബിയേഡ് മരുമോള്...... മോന്‍ വേടിച്ച ഒന്ന് ഒന്നര ഏക്കര്‍ സ്ഥലം....... ചവുരുട്ടിയേട്ടാ എന്താ വിശേഷം എന്ന് വൈകുന്നേരങ്ങളില്‍ ആസവമടിച്ച് മടങ്ങുന്ന സമയത്ത് ചോദിച്ചാല്‍ ഇങ്ങനെ തുടങ്ങും.  ഒരു പ്രാവശ്യം  ഈ ചോദ്യം ചോദിച്ചവര്‍ പിന്നെ ആളെ കണ്ടാൽ ഒഴിഞ്ഞു മാറും.  വാറുണ്ണിയേട്ടന്‍റെ കടയില്‍ നിന്ന് 100 മില്ലി ആസവം സോഡ ചേര്‍ത്ത് സേവിച്ചാല്‍ വലിയപാലം ഷാപ്പിലെ കള്ളിന്‍റെ ഫിറ്റ് രണ്ടിരട്ടി... ഈ പോയിന്‍റ് മൂര്‍ക്കനാട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയത് ചവുരുട്ടിയാണ്.  ഇനിയിപ്പോ മഴ ചാറി നില്‍ക്കുന്നതിനാല്‍ മീന്‍ കൂടയില്‍  കേറാന്‍ മടിച്ചാലും പുഴയോരത്തെ തെങ്ങുകള്‍ ചവുരുട്ടിയെ കൈവിടില്ല.  കാറ്റും മഴയും എത്തിയാല്‍ മതി വഞ്ചി നാളികേരം കൊണ്ട്  നിറയും.  അങ്ങിനെ ചവുരുട്ടിയാരാ മോന്‍ എന്ന് നാലാളോട് പറയാനുള്ള വകയൊക്കെ ചവുരുട്ടിയ്ക്ക് മഴക്കാലം നല്‍കും.
ഇനിയിപ്പോ തോമാസേട്ടന്‍റെ ചായക്കടയിലെ ബോണ്ടയ്ക്ക് ഉറക്കമിളക്കേണ്ടി വരില്ല, ആവശ്യക്കാര് കൂടും.  മഴ കനക്കുന്നതോടെ വളര്‍ത്തുമല്‍സ്യങ്ങള്‍ അതിര്‍ത്തി ഭേദിച്ച് പുഴയിലേക്കെത്തും, അവയ്ക്ക് ചൂണ്ടയുമായി നിരന്നിരിക്കുന്നവര്‍ പൊതിഞ്ഞു നല്‍കുന്ന ഇഷ്ടഭക്ഷണമാണ് ബോണ്ട.  ഇതാര്‍ത്തിയോടെ അകത്താക്കുന്നവരെ പുഴയിലിറങ്ങിയായാലും പിള്ളേര്‍ കര്യ്ക്കെത്തിക്കും.  പിന്നെ സ്ഥിരക്കാര്‍ക്ക് വീട്ടില്‍ കൊണ്ട് കൊടുക്കും, ഒരു ഫുള്ളിന്‍റെ പൈസയ്ക്ക്......... നേരെ ഷെയറുകാരെ കൂട്ടി ഓട്ടോ  വിളിച്ച് മാവേലിയിലേക്കോ, സവേരയ്ക്കൊ.
ഇപ്രാവശ്യമെങ്കിലോ ബണ്ട്  മുങ്ങുമോ... ചൂണ്ടതല കൊണ്ട്  ചികഞ്ഞ് മാറ്റി ഉണ്ടാക്കിയ വൃത്തതിനകത്തേക്ക് ടാങ്കീസില്‍ കരിപ്പിടിക്കുള്ള ഭക്ഷണം ഇറക്കി പാടത്തിനക്കരെയുള്ള ബണ്ട് റോഡ് നോക്കി മനസ്സില്‍ ചോദിച്ചു.  ബണ്ട് മുങ്ങിയുട്ടുണ്ടെത്രേ, കാണാന്‍ നല്ല രസമായിരിക്കും ഒന്ന് മുങ്ങിയിരുന്നെങ്കില്‍(ഈ ആശ പിന്നീട് നിറവേറി... ബണ്ടും മുങ്ങി, വീട്ടിലും എത്തി വെള്ളം.  പൊന്തലിന് ചെറുതായി ജീവന്‍ വെച്ച് തുടങ്ങി, ചെറുപള്ളത്തിയായിരിക്കും... കുറച്ച് നേരത്തിനു ശേഷം ചലനം നിലച്ചു.  വീട്ടിലെ അടി പേടിച്ച് പച്ചീര്‍ക്കിലില്‍ കോര്‍ത്ത മീനെല്ലാം പാടത്തെ ഇറക്കില്‍ കളഞ്ഞ് പോയ വിനീത് ഇന്നും അന്നത്തെപ്പോലെ പച്ചീര്‍ക്കില്‍ മീനുമായി വന്ന് വേണോ എന്ന് ചോദിച്ചിരുന്നെങ്കിലോ എന്നാശിച്ചു.  അന്ന് അത് വേണ്ടാ എന്ന് പറഞ്ഞത് വിനീതിനുള്ള അതേ പേടി കൊണ്ടായിരുന്നു.
വൈകുന്നേരം സിമന്‍റ് തറയിലെ തണുപ്പില്‍ നിന്ന് ഉരുണ്ട് പായിലേക്ക് കയറിക്കിടക്കുമ്പോള്‍ ഓട്ടിന്‍പുറത്ത് ശബ്ദമുണ്ടാക്കിയെത്തുന്ന മഴയും കുളക്കോഴി സംഗീതവും കേള്‍ക്കാമായിരുന്നു.