നനഞ്ഞിറങ്ങുന്ന ഓര്‍മ്മകള്‍
ആശാരിമൂലയില്‍ മഴക്കാരുകണ്ടാൽ മഴ തിമിര്‍ത്തു പെയ്യുമെത്രേ............. അമ്മയുടെ ഈ കാലാവസ്ഥ നിരീക്ഷണം മനസിലെത്തിയപ്പോഴേക്കും മഴ ചാറി തുടങ്ങിയിരുന്നു. ബസ്സിന്‍റെ ഫുട്ബോര്‍ഡില്‍ നിന്ന് മഴയുടെ ആവേശത്താല്‍ കലങ്ങി മറിഞ്ഞൊഴുകുന്ന പുഴ കടക്കവേ ആകാശത്തിന്‍റെ വടക്ക് കിഴക്ക് കോണില്‍ ഒരു മഴക്കോള് ഉരുണ്ട് കൂടുന്നത് കാണാമായിരുന്നു. കൈ കൊണ്ട് ചാറ്റല്‍ മഴയെ പ്രതിരോധിച്ച് പുഴയോരത്തെ റോഡിലൂടെ നടക്കുമ്പോള്‍ തലയില്‍ പാളത്തൊപ്പിയുമായി ചവുരുട്ടി പുഴയിലൂടെ വഞ്ചി തുഴഞ്ഞ് പോകുന്നതും പിള്ളേര്‍ കുളിപ്പടവില്‍ നിന്ന് വെള്ളത്തിലേക്ക് ഊളിയിടുന്നതും കാണാം.മഴക്കാലം പലര്‍ക്കും വറുതിയുടെ കാലമാണെങ്കില്‍ ചവുരുട്ടിയ്ക്ക് സമൃദ്ധിയുടെ കാലമാണ്. വയറുനിറയെ കള്ള് കുടിക്കാം, ആസവമടിക്കാതെ ഫിറ്റാകാം. മഴയ്ക്കൊപ്പം പുഴയിലേയ്ക്ക് ഒഴുകിയെത്തുന്ന മീനെല്ലാം ചവുരുട്ടിയുടെ കൂടയ്ക്കകത്തേക്ക് കേറും. കേറിയില്ലേല്‍ കേറ്റാനുള്ള വിദ്യയും ചവുരൂന് അറിയാം. ഈ ചവുരുട്ടിയാരാ മോന്‍....... ഇങ്ങനെയാണ് ചവുരുട്ടിയുടെ അവകാശവാദങ്ങളെല്ലാം അവസാനിക്കുന്നത്. വേറെ ആര്‍ക്കും ലഭിക്കാത്ത തനിക്ക് മാത്രം സിദ്ധിച്ച സൗഭാഗ്യങ്ങളെ കുറിച്ച് വാ തോരാതെ സംസാരിക്കാന്‍ ആള്‍ക്ക് യാതൊരു മടിയുമില്ല. ബിയേഡ് മരുമോള്...... മോന്‍ വേടിച്ച ഒന്ന് ഒന്നര ഏക്കര്‍ സ്ഥലം....... ചവുരുട്ടിയേട്ടാ എന്താ വിശേഷം എന്ന് വൈകുന്നേരങ്ങളില്‍ ആസവമടിച്ച് മടങ്ങുന്ന സമയത്ത് ചോദിച്ചാല്‍ ഇങ്ങനെ തുടങ്ങും. ഒരു പ്രാവശ്യം ഈ ചോദ്യം ചോദിച്ചവര്‍ പിന്നെ ആളെ കണ്ടാൽ ഒഴിഞ്ഞു മാറും. വാറുണ്ണിയേട്ടന്‍റെ കടയില്‍ നിന്ന് 100 മില്ലി ആസവം സോഡ ചേര്‍ത്ത് സേവിച്ചാല്‍ വലിയപാലം ഷാപ്പിലെ കള്ളിന്‍റെ ഫിറ്റ് രണ്ടിരട്ടി... ഈ പോയിന്‍റ് മൂര്‍ക്കനാട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയത് ചവുരുട്ടിയാണ്. ഇനിയിപ്പോ മഴ ചാറി നില്‍ക്കുന്നതിനാല്‍ മീന്‍ കൂടയില്‍ കേറാന്‍ മടിച്ചാലും പുഴയോരത്തെ തെങ്ങുകള്‍ ചവുരുട്ടിയെ കൈവിടില്ല. കാറ്റും മഴയും എത്തിയാല്‍ മതി വഞ്ചി നാളികേരം കൊണ്ട് നിറയും. അങ്ങിനെ ചവുരുട്ടിയാരാ മോന്‍ എന്ന് നാലാളോട് പറയാനുള്ള വകയൊക്കെ ചവുരുട്ടിയ്ക്ക് മഴക്കാലം നല്‍കും.ഇനിയിപ്പോ തോമാസേട്ടന്‍റെ ചായക്കടയിലെ ബോണ്ടയ്ക്ക് ഉറക്കമിളക്കേണ്ടി വരില്ല, ആവശ്യക്കാര് കൂടും. മഴ കനക്കുന്നതോടെ വളര്‍ത്തുമല്‍സ്യങ്ങള്‍ അതിര്‍ത്തി ഭേദിച്ച് പുഴയിലേക്കെത്തും, അവയ്ക്ക് ചൂണ്ടയുമായി നിരന്നിരിക്കുന്നവര്‍ പൊതിഞ്ഞു നല്‍കുന്ന ഇഷ്ടഭക്ഷണമാണ് ബോണ്ട. ഇതാര്‍ത്തിയോടെ അകത്താക്കുന്നവരെ പുഴയിലിറങ്ങിയായാലും പിള്ളേര്‍ കര്യ്ക്കെത്തിക്കും. പിന്നെ സ്ഥിരക്കാര്‍ക്ക് വീട്ടില്‍ കൊണ്ട് കൊടുക്കും, ഒരു ഫുള്ളിന്‍റെ പൈസയ്ക്ക്......... നേരെ ഷെയറുകാരെ കൂട്ടി ഓട്ടോ വിളിച്ച് മാവേലിയിലേക്കോ, സവേരയ്ക്കൊ.ഇപ്രാവശ്യമെങ്കിലോ ബണ്ട് മുങ്ങുമോ... ചൂണ്ടതല കൊണ്ട് ചികഞ്ഞ് മാറ്റി ഉണ്ടാക്കിയ വൃത്തതിനകത്തേക്ക് ടാങ്കീസില്‍ കരിപ്പിടിക്കുള്ള ഭക്ഷണം ഇറക്കി പാടത്തിനക്കരെയുള്ള ബണ്ട് റോഡ് നോക്കി മനസ്സില്‍ ചോദിച്ചു. ബണ്ട് മുങ്ങിയുട്ടുണ്ടെത്രേ, കാണാന്‍ നല്ല രസമായിരിക്കും ഒന്ന് മുങ്ങിയിരുന്നെങ്കില്‍(ഈ ആശ പിന്നീട് നിറവേറി... ബണ്ടും മുങ്ങി, വീട്ടിലും എത്തി വെള്ളം. പൊന്തലിന് ചെറുതായി ജീവന്‍ വെച്ച് തുടങ്ങി, ചെറുപള്ളത്തിയായിരിക്കും... കുറച്ച് നേരത്തിനു ശേഷം ചലനം നിലച്ചു. വീട്ടിലെ അടി പേടിച്ച് പച്ചീര്‍ക്കിലില്‍ കോര്‍ത്ത മീനെല്ലാം പാടത്തെ ഇറക്കില്‍ കളഞ്ഞ് പോയ വിനീത് ഇന്നും അന്നത്തെപ്പോലെ പച്ചീര്‍ക്കില്‍ മീനുമായി വന്ന് വേണോ എന്ന് ചോദിച്ചിരുന്നെങ്കിലോ എന്നാശിച്ചു. അന്ന് അത് വേണ്ടാ എന്ന് പറഞ്ഞത് വിനീതിനുള്ള അതേ പേടി കൊണ്ടായിരുന്നു.വൈകുന്നേരം സിമന്‍റ് തറയിലെ തണുപ്പില്‍ നിന്ന് ഉരുണ്ട് പായിലേക്ക് കയറിക്കിടക്കുമ്പോള്‍ ഓട്ടിന്‍പുറത്ത് ശബ്ദമുണ്ടാക്കിയെത്തുന്ന മഴയും കുളക്കോഴി സംഗീതവും കേള്‍ക്കാമായിരുന്നു.

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം